
ബംഗളുരു: വന്യജീവികളും മനുഷ്യരും തമ്മിൽ ഇടയുന്ന സാഹചര്യം പല സംസ്ഥാനങ്ങളിലും ശക്തിപ്പെടുന്നുണ്ട്. ആന്ധ്രയിൽ ഈയിടെയായി ആ പ്രശ്നം രൂക്ഷമാണ്. കർണാടകത്തിലെ ആന്ധ്രാ അതിർത്തി ജില്ലയായ കോലാറിലെ വനമേഖലയിൽ ആനകളും മനുഷ്യരും തമ്മിലുള്ള സംഘർഷം വ്യാപകമായിട്ടുണ്ട്. ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള സൗഹാർദ്ദം സുദൃഢമാക്കുന്നതിനായി കർണാടകം ആന്ധ്രയ്ക്ക് ആറു കുങ്കിയാനകളെ വിട്ടുനൽകും. വന- പരിസ്ഥിതി സംരക്ഷണ മന്ത്രി ഈശ്വർ ഖന്ദ്രെയാണ് ഇക്കാര്യം അറിയിച്ചത്. മനുഷ്യരും ആനകളും തമ്മിലുള്ള സംഘർഷത്തെപറ്റി കഴിഞ്ഞവർഷം നടന്ന അന്താരാഷ്ട്ര കോൺഫറൻസിന് അനുബന്ധമായാണ് കർണാടകം കുങ്കിയാനകളെ കൈമാറുന്നത്. ആന്ധ്രാ മുഖ്യമന്ത്രി പവൻ കല്യാണുമായി ഇക്കാര്യത്തിൽ ഒരു കരാർ ഒപ്പുവെച്ചിട്ടുണ്ട്. നാളെ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങിൽ വെച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമാണ് കുങ്കിയാനകളെ കൈമാറുക. "ഇതുവരെയായി കർണാടകം മറ്റു സംസ്ഥാനങ്ങൾക്ക് 59 കുങ്കിയാനകളെ കൈമാറിയിട്ടുണ്ട്. നാല് ആനകളെ ദുബരി ക്യാമ്പിൽ നിന്നും രണ്ടാനകളെ ശക്കരെ ബയിലുവിൽ നിന്നുമാണ് ഇത്തവണ വിട്ടുനൽകുക. അതുകൂടാതെ നമ്മുടെ പക്കൽ 101 കുങ്കിയാനകളുണ്ട്. 35 കുങ്കിയാനകളുടെ സേവനമേ നമ്മുടെ സംസ്ഥാനത്തിന് ആവശ്യമുള്ളൂ. കാട്ടാനകളെ മെരുക്കുന്നതിനും അതുവഴി മനുഷ്യരും ആനകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുമായി അയൽസംസ്ഥാനങ്ങൾക്ക് കുങ്കിയാനകളെ വിട്ടുനൽകുന്നതിൽ സന്തോഷമേയുള്ളൂ" മന്ത്രി ഖന്ദ്രെ വ്യക്തമാക്കി. കുങ്കിയാനകളെ അയൽ സംസ്ഥാനങ്ങൾക്ക് വിട്ടുനൽകുന്നതിൽ ആനപ്രേമികളും പരിസ്ഥിതിപ്രവർത്തകരും എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഗവണ്മെന്റ് അത് കാര്യമാക്കുന്നില്ല.
Photo Courtesy - Google











